Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക വിതച്ച് ഒമിക്രോണ്‍ പടരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം അവസാനമായി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 41 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചത്.
ഇതില്‍ 20 കേസുകളും മഹാരാഷ്ട്രയിലാണ് എന്നതാണ് കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. രാജ്യത്ത് റിപോര്‍ട്ട് ചെയ്ത പകുതി കേസുകളും മഹാരാഷ്ട്രയിലാണ്. വിദേശ യാത്രാ പശ്ചാത്തലമുള്ള രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതോടെയാണ് മഹാരാഷ്ട്രയില്‍ ആകെ കേസുകളുടെ എണ്ണം 20 ആയി ഉയര്‍ന്നത്. രണ്ട് രോഗികളും ദുബയില്‍നിന്ന് വന്നവരാണ്. ഒമിക്രോണ്‍ കൂടുതല്‍ റിപോര്‍ട്ട് ചെയ്യുന്നതിനാല്‍ പരിശോധന വര്‍ധിപ്പിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊവിഡ് സാഹചര്യം സൂഷ്മമായി നിരീക്ഷിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അടുത്തിടെ ദക്ഷിണാഫ്രിക്കയില്‍നിന്ന് മടങ്ങിയെത്തിയ ഗുജറാത്തില്‍നിന്നുള്ള 42 കാരനാണ് ഇന്നലെ അവസാവനമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുവരെ ആറ് സംസ്ഥാനങ്ങളിലാണ് ഒമിക്രോണ്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്ര (20), രാജസ്ഥാന്‍ (9), കര്‍ണാടക (3), ഗുജറാത്ത് (4), കേരളം (1), ആന്ധ്രാപ്രദേശ് (1) കൂടാതെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായ ഡല്‍ഹി (2), ചണ്ഡീഗഡ് (1) എന്നിങ്ങനെയാണ് ഒമിക്രോണ്‍ കണക്കുകള്‍. കൊവിഡുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളുകള്‍ പാലിക്കുന്നതില്‍ അലംഭാവം കാണിക്കുന്നതിനെതിരേ കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാക്‌സിനേഷന്‍ വൈകിപ്പിക്കരുതെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. രോഗബാധിതനായ എറണാകുളം സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്ബര്‍ക്കത്തില്‍ വന്ന ബന്ധുക്കളുടെ പരിശോധനാഫലം രണ്ടുദിവസത്തിനകം ലഭ്യമാവും. യുകെയില്‍നിന്ന് അബൂദബി വഴി കൊച്ചിയിലെത്തിയ എറണാകുളം സ്വദേശിക്കാണ് ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഇത്തിഹാദ് വിമാനത്തില്‍ ആറാം തിയ്യതിയാണ് യുവാവ് നെടുമ്ബാശേരിയിലെത്തിയത്. ആദ്യപരിശോധനയില്‍ കൊവിഡ് നെഗറ്റീവായെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടതോടെ എട്ടാം തിയ്യതി നടത്തിയ പരിശോധനയില്‍ പോസിറ്റീവായി. തുടര്‍ന്നാണ് ഒമിക്രോണ്‍ ജനിതക ശ്രേണി പരിശോധന നടത്തിയത്. രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയ ഭാര്യയും അമ്മയും കൊവിഡ് പോസിറ്റീവാണ്. ഇവരെ ഐസൊലേഷനിലേക്ക് മാറ്റി. ഇരുവരുടെയും സാംപിളുകള്‍ ജനിതകശ്രേണി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഡിസംബര്‍ 3ന് ദക്ഷിണാഫ്രിക്കയില്‍നിന്ന് കെനിയ, അബൂദബി വഴി ഡല്‍ഹിയിലെത്തിയ യാത്രക്കാരനാണ് രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്.