Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം.
കഴിഞ്ഞ നവംബറിലാണ് ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടിയേരി സ്ഥാനം ഒഴിഞ്ഞത്. ബിനീഷ് കോടിയേരി ജയിലിലായത് തിരിച്ചുവരവ് വൈകിപ്പിച്ചു.
ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 2020 നവംബര്‍ 13 -നാണ് കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും അവധിയെടുത്തത്. ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പുറമേ, കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതും ഐ ഫോണ്‍ വിവാദവും അവധിയില്‍ പ്രവേശിക്കാന്‍ കാരണമായി. അര്‍ബുദത്തിന് തുടര്‍ചികിത്സ ആവശ്യമായതിനാല്‍ അവധി അനുവദിക്കുകയായിരുന്നുവെന്നാണ് സി.പി.എം വിശദീകരിച്ചിരുന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും കോടിയേരി മാറിനിന്നതോടെ വിവാദങ്ങളുടെ മൂര്‍ച്ച കുറഞ്ഞു. ഏറ്റവും ഒടുവില്‍ ഭാര്യ വിനോദിനിയുടെ പേരിലുണ്ടായിരുന്ന ഐ ഫോണ്‍ വിവാദത്തില്‍ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് അനുകൂലമായതും കോടിയേരിക്ക് ഗുണം ചെയ്തു.
കോടിയേരിക്ക് പകരം ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന് സംസ്ഥാന സെക്രട്ടറിയുടെ അധികാര ചുമതല നല്‍കുകയും ചെയ്തു. ബിനീഷ് കോടിയേരി ജയില്‍മോചിതനായതും ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായതും പദവിയിലേക്ക് മടങ്ങിയെത്തുന്നതിന് വഴിയൊരുക്കി.